Saturday, January 24, 2009

പിണറായിയെ അങ്ങനെ അങ്ങ് ഒതുക്കാമെന്നോ? (ലേഖനം)

പിണറായിയെ അങ്ങനെ അങ്ങ് ഒതുക്കാമെന്നോ? (ലേഖനം)



സ.പിണറായിയെയും സി.പി.എമ്മി നേയും അങ്ങനെ അങ്ങു ഒതുക്കി കളയമെന്നോ? സ. പിണറായിയെ കേരള രാഷ്ട്രീയത്തില്‍ നിന്നു അങ്ങനെയങ്ങ് പെരട്ടി വിടാമെന്ന് ആരും കരുതേണ്ട. അതിനും മാത്രം വലിയ സംഭവം ഒന്നും ഉണ്ടായിട്ടുമില്ല. ഒരിക്കല്‍ അദ്ദേഹം കുറച്ചു നാള്‍ കേരളത്തിന്റെ ഒരു മന്ത്രിയായി ഇരുന്നു പോയി. ഒരു മന്ത്രിയുടെ വകുപ്പിന് കീഴില്‍ ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതില്‍ ധാര്‍മ്മികമായ ഒരു ഉത്തരവാദിത്വം ഉണ്ടായിരിയ്ക്കും. അത് സ്വാഭാവികം. ഇതു വി‌ഷയം കൂടുതല്‍ ഗൌരവം ഉള്ളതായത് കൊണ്ടു കുറെയെല്ലാം മന്ത്രി എന്ന നിലയില്‍ നേരിട്ടു ബന്ധപ്പെട്ടിരുന്നുമിരിക്കാം.നല്ല ഉദ്ദേശത്തോടെ ഒരു കാര്യം ചെയ്യുമ്പോള്‍ ഇത്തരം പുലി വാലുകള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണം എന്നില്ല. സ. പിണറായിക്ക് സംഭവിച്ചതും അത്രേയുള്ളൂ. അറിഞ്ഞു കൊണ്ടു അബദ്ധങ്ങളില്‍ ചെന്നു ചാടാന്‍ മാത്രം ബുദ്ധിയില്ലാത്ത ആളുമല്ല പിണറായി വിജയന്‍. മന്ത്രി സ്ഥാനത്തിരിക്കുന്ന ഏതൊരാള്‍ക്കും ഇതൊരു പാഠവും ആണ്.

പിണറായി ആരാ? തലയെടുപ്പുള്ള, , ചങ്കൂറ്റമുള്ള , അചഞ്ചലനായ ആയ , അടിപതറാത്ത നേതാവ്. വിശേഷണങ്ങള്‍ ഇനിയും ഇല്ലാഞ്ഞിട്ടല്ല, ചുരുക്കിയതാണ്. മാത്രവുമല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്ന് പറഞ്ഞാല്‍ ഒരു സുപ്രഭാതത്തില്‍ ആകാശത്ത് നിന്നു പൊട്ടി വീഴുന്നവരല്ല. പോരട്ടങ്ങളുടെയും അനുഭവങ്ങളുടെയും കരുത്തുമായി വര്‍ഷങ്ങളിലൂടെ പരുവപ്പെട്ടു വരുന്ന സവിശേഷ വ്യക്തിത്വങ്ങളാണ്. അവരെ പെട്ടെന്ന് അങ്ങ് തകര്ത്തു കളയാം എന്ന് വിചാരിച്ചാല്‍ അത് എളുപ്പം ആകണം എന്നില്ല. അതിന് തെളിവാണ് ഇപ്പോഴത്തെ സി.ബി.ഐയുടെ ലാവ്‌ലിന്‍ വിധി. പിണറായിക്കെതിരെ സി.ബി. ഐ കാരുടെ വിരല്‍ പിടിച്ചു കൊണ്ഗ്രെസ്സുകാര്‍ എഴുതിപ്പിടിപ്പിച്ച അഴിമതി വരികള്‍. പിണറായിയെ പ്രതി ചേര്ത്തു എന്ന് വച്ചു പിണറായിക്കോ സി.പി. എമ്മിനോ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

ഇതിപ്പോ മല പോലെ വന്നു എലി പോലെ പോയി എന്ന മട്ടായി. പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചു വിളിച്ചു പുലി വന്നപ്പോള്‍ അത് വെറും പൂച്ച. അതും കള്ളപ്പൂച്ച. നടത്തിയ അഴിമതി എന്താ? ഒരു വലിയ കമ്പനിക്കു കോടികളുടെ ലാഭം കിട്ടാന്‍ ഇടയുള്ള ഒരു കരാര്‍ നല്‍കിയപ്പോള്‍ സ്വാഭാവികമായും ഏതെങ്കിലും എജന്റുമാര്‍ക്കോ മന്ത്രി തല്പരന്‍ ആണെന്കില്‍ അദ്ദേഹത്തിനോ കിട്ടേണ്ട കമ്മീഷന്‍ . അത് മന്ത്രിക്കു വേണ്ടാത്തതിനാല്‍ ജനങ്ങള്‍ക്ക് ഉപയോഗം ഉള്ള ഒരു സ്ഥാപനം തുടങ്ങാന്‍ സഹായം ആവശ്യപ്പെട്ടു. ഒരു കാന്‍സര്‍ സെന്റെര്‍. അത് പക്ഷെ സ്വന്തം മണ്ഡലത്തില്‍ സ്ഥാപിച്ചു കളഞ്ഞു. ഹൊ, എന്തൊരു വലിയ കുറ്റം. ലോക ചരിത്രത്തിലെ ആദ്യത്തെ അഴിമതി. പ്രത്യേകിച്ചും നമ്മുടെ കൊണ്ഗ്രെസ്സും ബി. ജെ. പിയും മുസ്ലിം ലീഗുമോന്നും യാതൊരു അഴിമതിയും കാണിക്കാതെ ആദര്ശ ധീരരായി നടക്കുമ്പോള്‍ ഒരു മാര്‍ക്സിസ്റ്റു നേതാവ് വങ്കന്‍ അഴിമതി നടത്തുക. സഹിക്കുമോ? സ്വന്തം മണ്ഡലത്തില്‍ വികസനം കൊണ്ടു വരുന്നതു ഒരു വലിയ കുറ്റമാണെങ്കില്‍ നാളിന്നുവരെ എം.പിയും ,എം.എല്‍.എയും, മന്ത്രിയും ഒക്കെ ആയിരുന്ന എല്ലാ പാര്‍ടിയിലും പെട്ട നേതാക്കന്‍മാര്‍ ഒക്കെ ജയിലില്‍ പോകേണ്ടി വരും. ഒരു വലിയ കുറ്റം കണ്ടു പിടിച്ചിരിക്കുന്നു!

വിജിലന്‍സ് ഒരിക്കല്‍ എഴുതി തള്ളിയ കേസ്. ഒരു തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സി. ബി. ഐ ക്ക് വിട്ടു. ഇപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട്. ഇനി ഇപ്പോള്‍ ഈ വരുന്നതും പോയി അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്ത് ചെയ്യുമോ ആവോ. ഇപ്പോഴേ വല്ലതും കണ്ടു വച്ചു കൊള്ളണം. ഭരിക്കുന്നവരുടെ താളത്തിന് തുള്ളുവാന്‍ മാത്രമുള്ള പരമോന്നത അന്വേഷണ ഏജന്‍സികള്‍. ആകെപ്പാടെ
കൊള്ളാം. എന്റെ പൊന്നു കൊണ്ഗ്രസ്സെ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലോക്കെ അര്‍ഹിക്കുന്ന പ്രാതിനിധ്യം ഇപ്പോഴത്തെ ഒരു രാഷ്ട്രീയ സ്ഥിതിയില്‍ കിട്ടുമല്ലോ. പിന്നെന്തിനീ വൃത്തികെട്ട പണി.

കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ കൂട്ടായ ഒരു ജന നേതാവിനെതിരെ കള്ള കഥകള്‍ ഉണ്ടാക്കി മുതലെടുക്കുന്നത് ഭാവിയില്‍ നിങ്ങളുടെ പല നേതാക്കള്‍ക്കും തന്നെ ബുദ്ധി മുട്ട് ആകും എന്ന് മാത്രം മനസിലാക്കുക . പിണറായി അടക്കം സി.പി.എം നേതാക്കള്‍ക്ക് പുറകെ മാത്രം നടന്നു കള്ള കഥകള്‍ ഉണ്ടാക്കുന്ന പത്ര പ്രവര്‍ത്തകര്‍ക്ക് സംഭവിക്കാവുന്ന അബദ്ധങ്ങള്‍ തിരുവനന്തപുരത്തെ ചില പത്ര പ്രവര്തകര്‍ക്കൊക്കെ അറിയാം. അതെ പറ്റി ഞാന്‍ തന്നെ പറയുന്നതു ശരിയല്ലാത്തതുകൊണ്ട് വിടുന്നു. എഴുതിക്കോളൂ. പക്ഷെ എന്നും ഒരു പോലെ എഴുതണം . സി. പി. എമ്മിന് നേര്ക്കാകുമ്പോള് എന്ത് തോന്യാസങ്ങളും ആകാം എന്നൊരു ധാരണ ഉണ്ട്. അത് ഒരു പരിധി വരെ ശരിയുമാണ്‌. കാരണം ജനാധിപത്യത്തില്‍ സി. പി. എമ്മിന് കുറച്ചെങ്കിലും വിശ്വാസമുണ്ട്‌. പക്ഷെ അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന് ഓര്‍ക്കണം എന്നൊന്നും പറഞ്ഞാല്‍ നിങ്ങള്ക്ക് മനസിലാകില്ല എന്നത് കൊണ്ടു അതെപറ്റി പറയുന്നില്ല.

എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ പിണറായി രാജി വയ്ക്കും .പാര്‍ടിയില്‍ നിന്നു പുറത്താകും .നേരത്തെ തീരുമാനിച്ച നവ കേരള യാത്ര മറ്റാരെങ്കിലും നയിക്കും . ജാഥാ ക്യപ്ടനെ മാറ്റണമെന്നും പിണറായിയെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണം എന്നും ഉള്ള ഉപാധികളുമായി വി. എസ്. ഡല്‍ഹിക്ക്. വി.എസിന്റെ വായില്‍ നിന്നു വല്ലതും വീഴുമോ എന്നറിയാന്‍ വീണ്ടും പണ്ടു മുട്ടനാടിന്റെ പുറകെ കുറുക്കന്‍ നടന്നത് പോലെ കുറെ ചാനലുകാരും പത്രക്കാരും. വി.എസ്. പി. ബി നേതാക്കളെ കണ്ടു തിരിച്ചു വന്നപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷയും പോയി. നിങ്ങള്‍ തൊട്ടു മുന്പേ എന്തൊക്കെയാ പറഞ്ഞതെന്ന് ഒരു ചാനലുകരനോടും പത്രക്കരനോടും ആരും ചോദിയ്ക്കാന്‍ മിനക്കെടാറില്ലല്ലോ. അത് കൊണ്ടു എന്തും മെനഞ്ഞ് ഉണ്ടാക്കാം. പിണറായി പറഞ്ഞപോലെ എല്ലാം വരട്ടെ, വരട്ടെ.

ഇതു ഇങ്ങനെയൊക്കെ വരുമെന്ന് പാര്‍ട്ടിക്കു നേരത്തെ അറിയാമായിരുന്നു. അത് കൊണ്ടു സി.പി.എം ഇതിനെ രാഷ്ട്രീയമായി നേരിടും എന്ന് തീരുമാനിയ്ക്കുകയും ചെയ്തു. ആരെങ്കിലും നടത്തുന്ന ഗൂഢാലോനയുടെ ഫലം അറിഞ്ഞു വലിച്ചെറിയാന്‍ മാത്രം വില കുറഞ്ഞ ആളല്ല സ. പിണറായി. സി. പി.എമ്മിന്റെ കരുത്താണ് അദ്ദേഹം. ഏതാനും നാള്‍ മുന്പേ പോളിറ്റ് ബ്യൂറോ നേതാക്കള്‍ സി. ബി.ഐ.യുമായി ബന്ധപ്പെട്ട ഒരു മന്ത്രിയുമായി ഇക്കാര്യം സംസരിചിരുന്നുവത്രേ. അപ്പോള്‍ ആ മന്ത്രി പറഞ്ഞതു, അയാം ഹെല്പ് ലെസ്സ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ നമുക്കു കേരളത്തില്‍ നിന്നു ട്വെന്റി സീറ്റുകള്‍ കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്നത്രേ. ഈ കേട്ടറിവ് ശരിയായാലും ഇല്ലെങ്കിലും കൊണ്ഗ്രെസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് സ. പിണറായി പ്രതി ചെര്‍ക്കപ്പെട്ടതെന്നു വ്യക്തം. എന്നിട്ട് പോലും ഗുരുതരം എന്ന് പറയാന്‍ കഴിയുന്ന ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല.

വിചിത്രമായ ഒരു കാര്യം. ഒരു മന്ത്രിയോ മറ്റോ രാജി വയ്ക്കണം എന്ന് പറഞ്ഞു മറ്റു പാര്ടികാര് കോലാഹലം ഉണ്ടാക്കുന്നത് മനസിലാക്കാം. ഇവിടെ ഇപ്പോള്‍ കൊണ്ഗ്രെസ്സും മറ്റു ചില പാര്‍ട്ടികളും പിണറായിയുടെ രാജി ആവശ്യപ്പെടുകയാണ്. സി. പി. എമിന്റെ സെക്രട്ടറി ആരായിരിക്കണം എന്ന് മറ്റു പാര്ടിക്കരാണോ തീരുമാനിയ്ക്കുന്നത്? വിചിത്രം ! പിണറായി ഇപ്പോള്‍ രാജി വയ്ക്കുന്നില്ല .മാര്‍ക്സിസ്റ്റു പാര്‍ടി പിരിച്ചു വിടാനും പോകുന്നില്ല. ഒലത്തണം എന്നുള്ളവര്‍ അങ്ങ് ഒലത്തിനെടേയ്! അല്ലപിന്നെ.

11 comments:

മുക്കുവന്‍ said...

അഴിമതി ആരു നടത്തിയാലും അത് നല്ലതിനായിരുന്നു എന്ന് പറഞ്ഞു നടക്കുന്ന താ‍ങ്കളേ എന്തു പറയാന്‍...

പിണറായിയുടെ വാലു താങ്ങാന്‍ എത്ര കിട്ടി കുട്ടി സഖാവിന്?

പിണറായിയുടെ മകന്റെ ബര്‍മിഹം വിദ്യഭ്യാസ ചിലവു ആരു കൊടുക്കുന്നു മാഷേ?

പാര്‍ട്ടിയായിരിക്കും ആല്ലേ? കഷ്ടം അല്ലാതെന്തു പറയാന്‍?

Akshay S Dinesh said...

How do i know who says the truth?

മൃദുല്‍രാജ് said...

"ലോക ചരിത്രത്തിലെ ആദ്യത്തെ അഴിമതി. പ്രത്യേകിച്ചും നമ്മുടെ കൊണ്ഗ്രെസ്സും ബി. ജെ. പിയും മുസ്ലിം ലീഗുമോന്നും യാതൊരു അഴിമതിയും കാണിക്കാതെ ആദര്ശ ധീരരായി നടക്കുമ്പോള്‍ ഒരു മാര്‍ക്സിസ്റ്റു നേതാവ് വങ്കന്‍ അഴിമതി നടത്തുക. സഹിക്കുമോ? "

അയ്യേ.. അഗ്നേയാ...കഷ്ടം... ഇതൊക്കെ ഒത്തിരി പേര്‍ വായിക്കുന്നതാ.. മറ്റുള്ളവര്‍ അഴിമതി കാണിക്കുന്നത് കൊണ്ട് നമ്മളും കാണിക്കണമെന്നാണോ?

"വിജിലന്‍സ് ഒരിക്കല്‍ എഴുതി തള്ളിയ കേസ്. ഒരു തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സി. ബി. ഐ ക്ക് വിട്ടു"

ഒരിക്കല്‍ വിട്ടു എന്ന് കരുതി പിന്നെ അന്വേഷിക്കാന്‍ പാടില്ല എന്നുണ്ടോ? അഭയകേസും ഇതുപോലെ വീണ്ടും അന്വേഷിച്ചതല്ല്ലേ?

"കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ കൂട്ടായ ഒരു ജന നേതാവിനെതിരെ കള്ള കഥകള്‍ ഉണ്ടാക്കി മുതലെടുക്കുന്നത് ഭാവിയില്‍ നിങ്ങളുടെ പല നേതാക്കള്‍ക്കും തന്നെ ബുദ്ധി മുട്ട് ആകും എന്ന് മാത്രം മനസിലാക്കുക"

ഇങ്ങനെയൊക്കെ ഭീഷണി മുഴക്കുന്നത് ശരിയാണോ? അതാണോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലൈന്‍?

"കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ കൂട്ടായ ഒരു ജന നേതാവിനെതിരെ "

ഈ പറഞ്ഞത് വിശ്വസിക്കാന്‍ വേറെ ആളെ നോക്കണം. ഇന്ത്യക്ക് വേണ്ടി എന്താണ് ഇദ്ദേഹം മുതല്‍ക്കൂട്ടിയത്?

"ഒലത്തണം എന്നുള്ളവര്‍ അങ്ങ് ഒലത്തിനെടേയ്! അല്ലപിന്നെ."
ഇതാണോ താങ്കള്‍ ആദ്യം പറഞ്ഞ ജാനാധിപത്യ മര്യാദ?

മൃദുല്‍രാജ് said...
This comment has been removed by the author.
Editor said...

കഷ്ടം ഇതല്ലാതെ എന്ത് പറയാനാ സഖാവേ,
പിണറായി ആരാ? തലയെടുപ്പുള്ള, ചങ്കൂറ്റമുള്ള , അചഞ്ചലനായ ആയ , അടിപതറാത്ത നേതാവ്,
ഒരു സിക്സ് പാക്ക് മസിലും നല്ല ഗ്ലാമറും ഉള്ള നേതാവാണ് പണംറായി സോറി പിണറായി എന്ന് കൂടി എഴുതി കൂടാറ്റിരുന്നോ സഖാവേ,തന്നെപ്പോലുള്ളരാ താങ്കളുടെ പാര്‍ട്ടിയെ ഈ ഗതികേടില്‍ കോണ്ടെത്തിച്ചത്,അഭയാ കേസില്‍ ചില പള്ളീലച്ചന്മാര്‍ എടുത്ത ചീപ്പ് നമ്പരുകളുമായി ഇറങ്ങല്ലേ സഖാവേ അത് ഈ കേരളത്തില്‍ നടപ്പില്ല,വല്ല ചൈനയിലോ ക്യൂബയിലോ പോയി ഇതൊക്കെപ്പയറ്റിയാള്‍ ചിലപ്പോള്‍ ഏറ്റേക്കും,സത്യം പറയ് താങ്കള്‍ ഇനി നമ്മുടെ മഹാകവി ജി.സുധാകരനാണോ ലേഖനം എന്നൊക്കെപ്പറഞ്ഞ് വായിക്കാന്‍ വന്നപ്പോ ഒലത്തണം എന്നൊക്കെപ്പറഞ്ഞു,അതു കോണ്ട് ചോദിച്ചതാണെ,സഖാവേ ഒലത്തേണ്ട ജനങ്ങള്‍ ഒലത്തിയതാ കെട്ടി വെച്ച കാശ് പോലും കിട്ടാതെ അമ്പലപ്പുഴയില്‍ പോട്ടിയത്,ഇനി ആരൊക്കെ ഒലത്തിയില്ലെങ്കിലും വി.എസ് ഒലത്താതിരിക്കുല്ല,ആദ്യം അദ്ദേഹത്തോട് പറയ് അങ്ങ് ഒലത്താന്‍,ഇനി അഴിമതിയെ മഹത്വവല്‍ക്കരിക്കാം അല്ലേ,കഷ്ടം ഒരു അഴിമതിക്കാരനെ രക്ഷിക്കാന്‍ വേണ്ടി ഇങ്ങനെ എഴുതേണ്ടി വന്ന താങ്കളുടെ ഗതികേട്,ഒരു കള്ളം പലപ്രാവശ്യം ആവര്‍ത്തിച്ച് പറഞ്ഞതുകോണ്ട് ആരും വിശ്വസിക്കില്ല സുഹ്രുത്തേ,

വി.എസിന്റെ വായില്‍ നിന്നു വല്ലതും വീഴുമോ എന്നറിയാന്‍ വീണ്ടും പണ്ടു മുട്ടനാടിന്റെ പുറകെ കുറുക്കന്‍ നടന്നത് പോലെ കുറെ ചാനലുകാരും പത്രക്കാരും. വി.എസ്. പി. ബി നേതാക്കളെ കണ്ടു തിരിച്ചു വന്നപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷയും പോയി.

താങ്കളുടെ മുട്ടനാട് വി.എസ് അളിയനെക്കാണാനോ ലാവ്ലിന്റെ സ്പെല്ലിങ്ങ് ചോദിക്കാനോ അല്ല ഡല്‍ഹില്‍ പോയത്,അപ്പോ വി.എസിന്റെ വായില്‍ നിന്ന് വീണാല്‍ കുടുങ്ങും അല്ലേ സഖാവേ!!പിന്നെ പിണറായി പ്രതിയായത് ഇന്നും ഇന്നലെയും ഒന്നുമല്ലല്ലോ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് പണ്ടേ ജനങ്ങള്‍ക്കറിയാവുന്ന കാര്യമാണല്ലോ...അയ്യയ്യയ്യേ നാണക്കേട്....കഷ്ടം ഇതല്ലാതെ ഒന്നും പറയാനില്ല സഖാവേ.......

ആഗ്നേയന്‍ said...

മ്ര്ദുല് രാജ്‌,
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!മറ്റുള്ളവര് അഴിമതി കാട്ടുന്നതുകൊണ്ട് നമ്മളും കാണിയ്ക്കണം എന്നു ധ്വനിപ്പിയ്ക്കുവാന് ഞാന് ശ്രമിച്ചിട്ടില്ല. അഴിമതി അലങ്കാരമായി കൊണ്ടു നടക്കുന്നവര്ക്കു അഴിമതിയ്ക്കെതിരെ സംസാരിയ്ക്കുവാനുള്ള ധാര്മ്മികമായ അവകാശം ഇല്ലെന്നു പറയാതെ പറയുകയാണുണ്ടായിട്ടുള്ളതു. ഒരിയ്ക്കല് എഴുതി തള്ളിയ കേസ് പിന്നെ അന്വേഷിയ്ക്കാന് പാടില്ലാ എന്നും പറഞ്ഞിട്ടില്ല.സംഭവം പറഞ്ഞു എന്നു മാത്രം.കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ക്കൂട്ടായ നേതാവാണു പിണറായി എന്നുള്ളതില് ഉറച്ചു നില്ക്കുന്നു.അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌.പിന്നെ എന്റെ വാചകങ്ങളില് ഭീഷണിയുടെ സ്വരം ഇല്ല. ഒരു കാര്യം സൂചിപ്പിച്ചതു “കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ കൂട്ടായ ഒരു ജന നേതാവിനെതിരെ കള്ള കഥകള്‍ ഉണ്ടാക്കി മുതലെടുക്കുന്നത് ഭാവിയില്‍ നിങ്ങളുടെ പല നേതാക്കള്‍ക്കും തന്നെ ബുദ്ധി മുട്ട് ആകും എന്ന് മാത്രം മനസിലാക്കുക". ഇതു കോണ്ഗ്രസിലേയും ലീഗിലേയും ചില പ്രമുഖ നേതാക്കള്ക്കു മനസിലാകും.
അതു ഭീഷണി അല്ല. കള്ളകേസുകള് ഉണ്ടാക്കാന് ആര്ക്കും കഴിയും എന്നൊരു സൂചന അതില് ഉണ്ട്‌.പിന്നെ ഒലത്തുക എന്ന പദമാണ്.അതൊരു തമാശയായിട്ടാണു പറഞ്ഞതു.ഈ പോസ്റ്റു തയ്യാറാക്കുമ്പോള് എന്റെ അടുത്തുണ്ടായിരുന്ന ഒരു കോണ്ഗ്രസ്സ് സുഹ്രുത്തുമായി സംവാദത്തിലും ആയിരുന്നു.അവനോടു പറഞ്ഞ ഡയലോഗാണ് അതു.പിന്നെ ജനാധിപത്യ മര്യാദ ഇല്ലെങ്കില് കമന്റ്റു കോളം തുറന്നിട്ടിട്ടു എഴുതേണ്ടല്ലൊ.അതങ്ങു ക്ലോസു ചെയ്താല് പോരെ? പിന്നെ ഇപ്പോള് പിണറായിക്കെതിരെ പറഞ്ഞാല് ചുളുവിന് അങ്ങ്‌ ആദര്ശ ധീരനാകാം. അഗ്നേയന് അതു വേണ്ട. അഗ്നേയന് ചിന്തിച്ചെഴുതിയ പോലെയും ചിന്തിയ്ക്കുന്നവര് ഉണ്ട്.സുകുമാര് അഴീക്കോടും ജസ്റ്റിസ് ക്രിഷ്ണയ്യരും , യു.എ. ഖാദറും ഒക്കെ പരഞ്ഞതു കേട്ടോ? അവരെക്കാളും വലിയ ബുദ്ധിശാലിയും , നിഷ്പക്ഷനും ഒന്നുമല്ല, ആഗ്നേയന്.പിന്നെ പാര്ട്ടി വിരുദ്ധമാണെന്നു വച്ചു മനോരമയിലും മാത്രുഭൂമിയിലും മറ്റും വരുന്ന വാര്തകളെ തിരസ്കരിയ്ക്കരുതു. അതേസമയം ദേശാഭിമാനി പാര്ട്ടി പത്രം ആയതിനാല് അവര് പറയുന്ന വസ്തുതകളേയും നിരകരിയ്ക്കാന് പാടില്ല.മനോരമയുടേയും, മാത്ര്ഭൂമിയുടേയും മറ്റും കണ്ണുകളിലൂടെ മാത്രം കാര്യങ്ങളെ കാണാന് ശ്രമിയ്ക്കാതിരിയ്ക്കുക.സ. പിണറായി സാമ്പത്തികമായി എന്തെങ്കിലും അഴിമതി നടത്തി വീട്ടിക്കൊണ്ടു പോയതായി സി.ബി. ഐ. പറഞ്ഞിട്ടില്ല.മന്ത്രി എന്ന നിലയ്ക്കു ധാര്മ്മികമായ ഒരു ഉതരവാദിത്വം പിണറായിയുടെ തലയില് വന്നു വീണതാണ്. അന്നത്തെ മന്ത്രിസഭയ്ക്കു മൊത്തമായി പങ്കുള്ളതാണ് ലാവ് ലിന് കെസ്‌. ഇപ്പോള് അന്നത്തെ മന്ത്രിയായ പിണറായിയെ ചേര്ത്തിരിയ്ക്കുന്നതു ഒന്പതാം പ്രതിയായിട്ടാണ്. ഇതു തന്നെ ഗൂഠാലോചന വെളിവാ‍ാക്കുന്നു.ഇനി എന്തൊക്കെ പറഞ്ഞാലുമ്പിണറായി നല്ല നേതാവു തന്നെ.

ആഗ്നേയന്‍ said...

മിസ്റ്റെര് രാമചന്ദ്രനും നന്ദി!ഭക്തി തന്നെ ഇല്ല. പിന്നല്ലേ പ്ണറായിഭക്തി. ആഗ്നേയന് പറയാനുള്ളതു തുറന്നങ്ങു പറഞ്ഞു.അര്ത്ഥഗര്ഭമായ മൌനമൊന്നും നടത്തിയില്ലല്ലോ. ദേശാഭിമാനിയിലെ കുറിപ്പുകള് എടുത്തിട്ടതിനും നന്ദി

ആഗ്നേയന്‍ said...

എഡിറ്റു ചെയ്തതുവഴി ഈ ഒരു പോസ്റ്റു തന്നെ രണ്ടു പേജിലും പബ്ലിഷ് ആയിപ്പോയി.ചില കമന്റുകള് അപ്പുറത്തായിപ്പോയി. ഇനി കമറ്റുന്നവര് ദയവായി ആദ്യം കാണിയ്യ്ക്കുന്ന മറ്റേ പോസ്റ്റില് ചെന്നു കമന്റുക. ഇവിടെ കമന്റിയവര്ക്കു നന്ദി.

ആഗ്നേയന്‍ said...

പ്രിയ രാഹുല് കടയ്ക്കല്,
താങ്കളുടെ അടക്കം എല്ലാവരുടേയും രോഷത്തിനു പിന്നിലെ ആത്മാര്ഥത അംഗീകരിയ്ക്കുന്നു. പക്ഷേ, സ. പിണറായിയെ ലാവ്ലിന് കേസിലെ ക്രൂശിയ്ക്കേണ്ടതില്ല എന്നു തന്നെ വിശ്വസിയ്ക്കുന്നു. സുകുമാര് അഴീക്കോടും, ജുസ്റ്റിസ് ക്ര്ഷ്ണയ്യരും മറ്റും പറഞ്ഞ അഭിപ്രായങ്ങള് കൂടി ചേര്ത്തു വായിക്കുക. അവര് നിഷ്പക്ഷരാണല്ലോ!പിന്നെ ആരോ പറഞ്ഞ പോലെ ആഗ്നേയന് പിണറായി ഭക്തനാണെന്നും സി. പി. എമ്മുകാരനാണെന്നും ഉള്ള കണ്ടെത്തലിനു നന്ദി!.ഞാന് ജി. സുധാകരനൊന്നുമല്ല. പക്ഷെ അദ്ദേഹത്തിന്റെയും,എം.എ. ബേബിയുടേയും, പിണറായിയുടെയും കടുത്ത ഫാനാണു കേട്ടോ! ചില കാര്യങ്ങളില്. ഒന്നൂടെ പറയട്ടെ വി.എസ്സിന്റേയും ഫാനാ. ചില കാര്യങ്ങളില്. പക്ഷേ കുലംകുത്തി ഒഴുകാനൊന്നും ആഗ്നേയനില്ലെന്നേയുള്ളു. കുലം കുത്തിയാല് കിട്ടുന്നതു കേവലം ഒരു പഞ്ചായത്തു മെമ്പറൊ , മുന്സിപ്പല് മെംബറൊ ഒക്കെ ആകാനുള്ള അസുലഭാവസരമാണ്. വേറെ എന്തെല്ലാം ‘പണികള്’കിടക്കുന്നു.അല്ലാ അതൊന്നും ഇവിടെ പറയേണ്ടല്ലോ!പോരാട്ടം പാര്ട്ടിയ്ക്കു പുറത്തല്ല അകത്താണു നടത്തേണ്ടത്‌. പക്ഷേ, പത്രത്തിലും ചാനലിലും പുബ്ലിസിറ്റി കിട്ടില്ല.

ആഗ്നേയന്‍ said...
This comment has been removed by the author.
ആഗ്നേയന്‍ said...

വായിച്ചു കമന്റിയ മുക്കുവനും ദിനേശിനും ഒക്കെ നന്ദി!