Thursday, March 19, 2009

വർഗ്ഗീയ സദാചര പോലീസ്

വർഗ്ഗീയ സദാചര പോലീസ്

മാംഗ്ളുരുവിലെ ശ്രീരാമസേനാ അക്രമങ്ങൾ ഒറ്റപ്പെട്ടതും താൽകാലികവും ആയ സംഭവങ്ങൾ എന്നു ധരിച്ചെങ്കിൽ തെറ്റി. അവിടെ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.മാത്രവുമല്ല അക്രമങ്ങൾ കേരളാതിർത്തിഭേദിച്ച് ഇങ്ങോട്ടു കടക്കുന്നതായും റിപ്പോർട്ടുകൾ വരുന്നു.

ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് പഠന പ്രോജക്ടിന്റെ ഭാഗമായി വിവരശേഖരണത്തിനിറങ്ങിയ അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘത്തെ സദാചാരപോലീസ് ആക്രമിച്ചു എന്നാണ്. വ്യത്യസ്ഥ മതവിഭാഗക്കാർ ഒരുമിച്ച് സഞ്ചരിക്കുന്നു എന്നതാണ് ആക്രമണ കാരണം.


മറ്റൊന്ന് അവിടെ ശ്രീരാമസേനയെക്ക്തിരെ മുസ്ലീം തീവ്രവാദി സംഘവും രംഗത്തുവന്നിരിക്കുന്നു എന്നതാണ്.അവർ പോലീസ് സേറ്റഷൻ പരിസരത്ത് തമ്മിൽ അടിച്ചുവത്രേ! എത്ര നല്ല പോലീസ് സേറ്റഷനായിരിക്കും അവിടെ എന്ന് ഊഹിക്കുക.

ഹിന്ദുത്വത്തെ പരാമർശിക്കുന്ന എന്തെങ്കിലും പോസ്റ്റിട്ടാൽ എടുത്തുചാടി കമന്റിടുന്ന കാവിബ്ലോഗർമാരും മുസ്ലീം തീവ്രവാദിബ്ലോഗർമാരും സദാചാര പോലീസ് സംഭവങ്ങളെ പറ്റി എന്ത് കമന്റിടുന്നു എന്നറിയുന്നതിൽ താല്പര്യമുണ്ട്.

ഇതും കൂടി കാണൂ

Saturday, March 14, 2009

സി.പി.ഐ എന്ന കുളം കലക്കികൾ

സി.പി.ഐ എന്ന കുളം കലക്കികൾ

എന്താണീ സി.പി.ഐ? ആരാണീ സി.പി.ഐക്കാർ? എത്രത്തോളമുണ്ട് ഇവരുടെ ജനപിന്തുണ? എന്തൊക്കെയാ‍ണ് അവരുടെ പ്രവർത്തന പരിപാടികൾ? ആരോട്‌, എന്തിനോടാണ് ഇവർക്കു കൂറ്‌? സ.വെളിയത്തിന്റെ ഉടമസ്ഥതയിലും കൈകാര്യ കർത്ത്‌ത്വത്തിലും ഉള്ള ഒരു പ്രൈവറ്റ്‌ ലിമിറ്റെഡ് കമ്പനി. ഓരോ തെരഞ്ഞെടുപ്പുകാ‍ലത്തും ചില നമ്പരുകളുമായി ഇറങ്ങും. അലമ്പെന്നു പറഞ്ഞാൽ മഹാ അലമ്പ്‌. രാഷ്ട്രീയമാണത്രേ രാഷ്ട്രീയം!

ഉത്സവപ്പറമ്പിൽ ജനങ്ങൾ നല്ല പരിപാടികൾ ആസ്വദിച്ചുകൊണ്ടിരിയ്ക്കെ ജനശ്രദ്ധ കിട്ടാൻ വേണ്ടി അപശബ്ദമുണ്ടാക്കുന്ന മദ്യപാനിയെപ്പോലെ. പാർളമെന്ററി രംഗത്തൊന്നും നിന്ന്‌ പേരെടുത്തിട്ടില്ലാത്ത ടിയാൻ ഇങ്ങനെയൊക്കെയാണു പത്താളെ കൂട്ടുന്നത്‌. കണ്ടില്ലേ ഇദ്ദേഹമല്ലായിരുന്നോ ഒന്നുരണ്ടു ദിവസത്തെ താരം? അതും തോൽക്കുന്ന ഒരു പൊന്നാനി സീറ്റിൽ തോൽവി കുറച്ചുകൂടി ഉറപ്പു വരുത്താനുള്ള ഒരു വെപ്രാളത്തിന്റെ പുറത്ത്‌.സി.പി.എം സീറ്റു വിട്ടു കൊടുക്കാൻ തീരുമാനിച്ചു. അതായത്‌ അറാവിലയ്ക്ക്‌ ഒരു സീ‍റ്റിൽ തോൽവി ഉറപ്പാക്കി. പൊന്നാനി കൂടി കിട്ടിയാലേ സി.പി.ഐയുടെ ദേശീയ പാർടി അംഗീകാരം നില നിർത്താൻ കഴിയൂ എന്നതായിരുന്നു ഇത്രയും ഹാലിളക്കത്തിന്റെ ഒരു കാരണം എന്നതു വേറെ.

സത്യത്തിൽ സി.പി.ഐ ഒരു പാർട്ടിയാണോ? ഭരണത്തിന്റെ ആനുകൂല്യങ്ങൾ പറ്റി തടിച്ചു കൊഴുക്കാനുള്ള ഒരു കോക്കസ് എന്നതിനപ്പുറം എന്ത്‌ ഐഡന്റിറ്റിയാണ് ഈ സാധനത്തിനുള്ളത്‌? സി.പി.എം ഈ സാധനത്തിനെ അങ്ങ്‌ കളഞ്ഞാൽ ഒരു പക്ഷെ ഒരു വട്ടമെങ്ങാനും ഒരു തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചെന്നിരിയ്ക്കാം. അതു കഴിഞ്ഞാൽ പിന്നെ അടുത്തവട്ടം ഒറ്റയ്ക്കു ജയിക്കാം. ഇതിനെയൊക്കെ കൂടെ നിറിത്തുന്നതാണ് ഒറ്റയ്ക്കു ഭരണം കിട്ടാൻ മാത്രം അനുകൂല സാഹചര്യങ്ങൾ സി.പി.എമ്മിന് ഉണ്ടാകാത്തതിന്റെ ഒരു കാരണം. ഇതിനെ കൂടെ നിറുത്തിയാലുള്ള പ്രയോജനം എന്താണ്? അവരുടെ ഏതാനും സ്ഥാനാർതികളെ ജയിപ്പിച്ചു കൊടുക്കണം.പക്ഷെ അവരോ?

പരമ്പരാഗതമായി സി.പി.ഐക്കാർ കോൺഗ്രസ്സുകാരേക്കാൾ പുകൽപെറ്റ സി.പി.എം വിരോധികളാണ്. സി.പി.എം വോട്ടുകൊണ്ട്‌ സ്വന്തം സ്ഥാനാർത്ഥികൾ ജയിക്കുന്നതല്ലാതെ ഒരു തെരഞ്ഞെടുപ്പിലും സി.പി. ഐക്കാർ സി.പി.എം സ്ഥാനാർഥികൾക്കു വോട്ടുകൊടുക്കുന്ന പതിവില്ല. സി.പി.എം സ്ഥനാർഥികളെ തോല്പിയ്ക്കുവാൻ കോൺഗ്രസ്സുകാരുമായി രഹസ്യബന്ധമുണ്ടാക്കുന്ന പതിവു സി.പി.ഐയ്ക്കു പണ്ടുമുതലേ ഉള്ളതാണ്. അതുകൊണ്ടു ഈ ഒറ്റുകാരെ അവരുടെ പാട്ടിനുവിട്ട്‌ കൈകഴുകുന്നതാണ് അന്തസ്സ്‌. സി.പി.എം സ്ഥ്നാർത്ഥികളെ കാലുവാരി തോല്പിയ്ക്കുക എന്നത്‌ അവരുടെ പതിവു ഒരു വിനോദമാണ്.

ഇപ്പോൾ തന്നെ വെളിയം പറഞ്ഞതു കേട്ടില്ലേ? ഏതു സാഹചര്യവും നേരിടാൻ സി.പി.ഐ ഒരുക്കമാണെന്ന്‌. പച്ച്യ്ക്കു പറഞ്ഞാൽ യു.ഡി എഫിൽ ചേരാൻ മടിയില്ലെന്നുതന്നെ. കോൺഗ്രസിനും യു.ഡി.എഫിനും ഒപ്പം കൂടാൻ ഉള്ള ഒരു മുൻ കരുതൽ സി.പി.ഐയ്ക്ക്‌ പണ്ടേ ഉണ്ട്‌. അവരെ കൂട്ടാൻ കോൺഗ്രസ്സാണെങ്കിൽ സദാ സന്നദ്ധവും. സി.പി.ഐ ഇല്ലാതെ ഒരു സീറ്റിലും സി.പി.എം ജയിക്കില്ലെന്നാണ് വെളിയം പറയുന്നത്‌. എന്നു വച്ചാൽ തങ്ങൾ തോല്പിയ്ക്കുമെന്ന്‌. അതെ, ഒരാളെ ജയിപ്പിക്കാൻ കഴിയാത്തവനും ചിലപ്പോൾ ഒരാളെ തോല്പിയ്ക്കൻ കഴിയും .ഒരു ജന പിന്തുണയും ഇല്ലാത്തവൻ ആണെങ്കിലും.കാരണം അതിനു വേറെ ചില പണികൾ ചെയ്താൽ മതി.

സ്വന്തം സ്ഥാനാർഥികളെപ്പോലും ജയിപ്പിയ്ക്കാൻ കഴിയാത്ത സി. പി.ഐയ്ക്ക്‌ പ്രാദേശിക തലം മുതൽ ഈ മറ്റേപ്പണി പണ്ടേ അറിയാവുന്നതാണ്. അതിലൊന്നാണ് കാലുവാരൽ. എത്രയോ തെരഞ്ഞെടുപ്പുകളിൽ അവർ കോൺഗ്രസുകാരുമായി ചേർന്ന്‌ ഈ പണി ചെയ്തിരിയ്ക്കുന്നു. ഈ പരാന്ന ജീവിയ്‌ക്ക്‌ എൽ.ഡി.എഫിൽ തന്നെ നിൽക്കണമെന്നു നിർബന്ധമൊന്നും ഇല്ല. എൽ.ഡി എഫിനൊപ്പം നിന്നാൽ സി.പി.എം മുന്നണിതാല്പര്യം മുന്നിർത്തി അഹോരാത്രം പണിപ്പെട്ട്‌ സി.പി.ഐ സ്ഥാനാർത്ഥികളേയും ജയിപ്പിയ്ക്കും. അതല്ലെങ്കിൽ കോൺഗ്രസ്സിന്റെ കൂടെ ചേർന്നാൽ അവരുടെ പ്രവർത്തനം കൊണ്ട്‌ ജയിക്കും. എങ്ങനെയായാലും പരാന്നഭോജനം തന്നെ.

ഏതൊരു സ്ഥലത്തും ഒരു മുന്നണിയായി നിൽക്കുമ്പോൾ പോലും സി.പി.എം സ്ഥാനാർഥികളുടെ പരാജയത്തിന് ഉതകുന്ന എന്തെങ്കിലും ഞുണുക്കു പണികൾ ഒപ്പിയ്ക്കാൻ കൂട്ടത്തിൽ ഏതെങ്കിലും ഒരു പരമ്പരാഗത സി.പി.ഐക്കാരൻ ശ്രമിയ്ക്കാതിരിയ്ക്കില്ല. പുതുതായി സി.പി.ഐയിൽ എത്തുന്ന ചെറുപ്പക്കാർ കുറച്ചൊക്കെ നല്ല മനോഭാവത്തോടെയാണ് പ്രവർത്തിച്ചു പോരുക. കാലക്രമേണ അവരും വെളിയത്തിനെ പോലെയുള്ള പാരമ്പര്യ സി.പി.ഐക്കാരെ കണ്ടു പഠിച്ചു വഷളാകും.

പണ്ടൊക്കെ ജയിക്കുന്ന സ്ഥാനാർഥികളെ കണ്ടെത്തി കിട്ടുന്ന സീറ്റുകൾ ജയിപ്പിച്ച്‌ മാനം നിലനിർത്തുമായിരുന്നു,സി.പി.ഐ. ഇപ്പോൾ അതും പോയി. ഇപ്പോൾ പാർളമെന്റിൽ നിറുത്തിയ സ്ഥാനാർഥിളെ നോക്കിയാൽ അതു മനസിലാകും.ഇനി പൊന്നാനി അവർക്കു കിട്ടിയാലും അതു ജയിക്കാൻ പോകുന്നില്ല .അതു അറാവിലയ്ക്കു കളഞ്ഞു കുളിച്ചു. തിരുവനന്തപുരത്ത്‌ ഈ സാഹചര്യത്തിൽ യാതൊരു വിജയ സാദ്ധ്യതയുമില്ലാത്ത ഒരാളെ നിറുത്തി അവിടെ പരാജയം ഏതാണ്ട് ഉറപ്പായി.ഇനി കോൺഗ്രസ്സിന്റെ സ്ഥാനാർഥി ആരെന്നതിനെ ആശ്രയിച്ചിരിയ്ക്കും അവിടത്തെ ജനവിധി.സി.പി.ഐയുടേ ജില്ലാ സെക്രട്ടറി ആയതുകൊണ്ടു മാത്രം ജനയുഗം പത്രത്തിന്റെ ഉൾപേജുകളിൽ കണ്ടുവരാറുള്ള ഒരു നാമമാണു ഈ രാമചന്ദ്രൻ നായർ. അല്ലാതെ ആർക്കും അറിയില്ല ഈ സ്ഥനാർഥിയെ. ങാ, ഇങ്ങനെയൊക്കെ അല്ലേ പരിചയപ്പെടുന്നത്‌. നടക്കട്ടെ.

മറ്റു സ്ഥാനാർഥികളും കേട്ടിടത്തോളം വലിയ സാധ്യതയൊന്നും ഉള്ളവരല്ല. ത്രിശൂരിലെ സ്ഥാനാർഥി എങ്ങനെയാണോ ആവോ! നോക്കണേ സി.പി.എം നവകേരള യാത്രനടത്തിയും , പാർട്ടിയ്ക്കും മുന്നണിയ്ക്കുമെതിരെയുള്ള പ്രചരണങ്ങളേയും ഒക്കെ പ്രതിരോധിച്ചും മറ്റും ഈ തെരഞ്ഞെടുപ്പിൽ ഒരു വിധം പരിക്കില്ലാതെ രക്ഷപ്പെടാവുന്ന ഒരു സാഹചര്യം ഉണ്ടാക്കി വച്ചു. എത്ര എളുപ്പത്തിലാണ് സി.പി.ഐ എന്ന ഈ കുളം കലക്കി പാർട്ടി എല്ലാം കളഞ്ഞു കുളിച്ചത്‌. സി.പി.എമ്മിന്റെ സ്ഥനാർഥികളുടെ വിജയസാധ്യതകളെ കൂടി ദുർബ്ബലപ്പെടുത്തുന്ന ഒന്നായി ഇവറ്റകളുടെ കുളം കലക്കൽ.

പണ്ടും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം കാണുമ്പോൾ സി.പി.ഐക്കർക്ക്‌ ഒരു മനം മറിപ്പാണ്. രാഷ്ട്രീയ സത്യസന്ധതയ്ക്കു പുല്ലു വില കല്പിയ്ക്കാത്ത മഹനീയ പാരമ്പര്യം കാത്തു സൂക്ഷിയ്ക്കുന്നതിൽ സി.പി.ഐയെ വെല്ലാൻ മറ്റൊരു പാർടിയില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും നല്ലൊരു പങ്കു സി.പി.ഐക്കാരും സി.പി.എം സ്ഥാനാർഥികൾക്ക്‌ വോട്ടു ചെയ്യാറില്ല. താഴെ തലം തൊട്ടു കോൺഗ്രസ്സുമായി ചില അവിശുദ്ധ ബന്ധങ്ങൾ എക്കാലത്തുംസി.പി.ഐയ്ക്കുണ്ട്‌. ഇത്‌ ഒരു ആരോപണമല്ല അനുഭവസാക്ഷ്യമാണ്. ഇപ്പോൾ സി.പി.ഐക്കാരുടെ വേല ഇതിനൊക്കെ അപ്പുറമാണ്. ദേശീയതലത്തിൽ പാർളമെന്റിൽ സി.പി.എം അംഗസംഖ്യയിൽ കുറവു വരുത്താനുള്ള ഗൂഢാലോചനയാണ് ഇത്‌. അതിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നത്‌ ഇവിടെയാണല്ലോ.

കമ്മ്യൂണിസ്റ്റെന്ന പദവും ചേർത്ത് അരിവാൾ ചുറ്റിക കൊടിയിലും വരച്ചുവച്ച്‌ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിൽ നിന്ന്‌ കുളം കലക്കുന്ന വലതുപക്ഷ ബൂർഷ്വാ പ്രസ്ഥാനമാണ് സി.പി.ഐ എന്ന ഈ സാധനം. ഇതുങ്ങളെയും കൊണ്ട്‌ ഇടതു മതേതര ശക്തി കെട്ടിപ്പടുക്കാൻ ശ്രമിയ്ക്കുന്ന സി.പി.എമ്മിനെ സമ്മതിയ്ക്കണം